വീണപൂവിന്റെ ഉൾക്കാഴ്ചകളിലൂടെ

1 മലയാള സാഹിത്യചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു നക്ഷത്രമാണ് കുമാരനാശാൻ. അദ്ദേഹത്തിന്റെ അനുഗ്രഹീതമായ തൂലികയിൽ നിന്നും കൈരളിക്കു ലഭിച്ചിട്ടുള്ള സുന്ദരകാവ്യങ്ങളിലൊന്നാണ് വീണപൂവ്. മഹാകാവ്യങ്ങളെഴുതാതെ തന്നെ മഹാകവിയായ കുമാരനാശാന്റെ പ്രധാന കൃതിയും വീണപൂവാണ്. ചെറുശ്ശേരിയെപ്പോലെയോ, പൂന്താനത്തെപ്പോലെയോ അഥവാ നമ്പ്യാർക്കോ സമാനനാണ് ആശാൻ എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. കാരണം ഇവരെയൊക്കെ പോലെ തന്നെ മലയാള പദ്യ ശാഖയിൽ ഒരു നൂതന പ്രസ്ഥാനതിന് തുടക്കം കുറിച്ചയാളാണ് ആശാൻ. മലയാള കൃതികളെ തരം തിരിക്കുമ്പോൾ വീണപൂവ് വരെയുള്ളവയെ പൂർവ്വകാല കൃതികളായും, അതിന് ശേഷമുള്ളവയെ ഉത്തരകാല കൃതികളായും മഹാകവി ഉള്ളൂർ തരം തിരിച്ചു കാണിക്കുന്നുണ്ട്. വീണപൂവിന്റെ രചനയിൽ കാണാവുന്ന തത്ത്വചിന്ത എടുത്തു പറയേണ്ടതാണ്. പുഷ്പ്പത്തിന്റെ ശൈശവ-ബാല്യ-യൗവ്വന-വാർദ്ധക്യാദികളെ മനുഷ്യാവസ്ഥയോട് താരതമ്യപ്പെടുത്തിയാണ് രചിച്ചിരിക്കുന്നത്. അവനി വാഴ്‌വ് കിനാവാണെന്നു പറഞ്ഞു പോവുന്നുവെങ്കിലും ഇഹലോക ജീവിതത്തെക്കാളുപരിയായ ഒരു ജീവിതം പൂവിനു ലഭിക്കട്ടെയെന്ന ആശംസ കവിയുടെ ശുഭാപ്തി വിശ്വാസത്തെക്കുറിക്കുന്നു. 2 "ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭച്...