വീണപൂവിന്റെ ഉൾക്കാഴ്ചകളിലൂടെ
മലയാള സാഹിത്യചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു നക്ഷത്രമാണ് കുമാരനാശാൻ. അദ്ദേഹത്തിന്റെ അനുഗ്രഹീതമായ തൂലികയിൽ നിന്നും കൈരളിക്കു ലഭിച്ചിട്ടുള്ള സുന്ദരകാവ്യങ്ങളിലൊന്നാണ് വീണപൂവ്. മഹാകാവ്യങ്ങളെഴുതാതെ തന്നെ മഹാകവിയായ കുമാരനാശാന്റെ പ്രധാന കൃതിയും വീണപൂവാണ്.
ചെറുശ്ശേരിയെപ്പോലെയോ, പൂന്താനത്തെപ്പോലെയോ അഥവാ നമ്പ്യാർക്കോ സമാനനാണ് ആശാൻ എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. കാരണം ഇവരെയൊക്കെ പോലെ തന്നെ മലയാള പദ്യ ശാഖയിൽ ഒരു നൂതന പ്രസ്ഥാനതിന് തുടക്കം കുറിച്ചയാളാണ് ആശാൻ. മലയാള കൃതികളെ തരം തിരിക്കുമ്പോൾ വീണപൂവ് വരെയുള്ളവയെ പൂർവ്വകാല കൃതികളായും, അതിന് ശേഷമുള്ളവയെ ഉത്തരകാല കൃതികളായും മഹാകവി ഉള്ളൂർ തരം തിരിച്ചു കാണിക്കുന്നുണ്ട്.
വീണപൂവിന്റെ രചനയിൽ കാണാവുന്ന തത്ത്വചിന്ത എടുത്തു പറയേണ്ടതാണ്. പുഷ്പ്പത്തിന്റെ ശൈശവ-ബാല്യ-യൗവ്വന-വാർദ്ധക്യാദികളെ മനുഷ്യാവസ്ഥയോട് താരതമ്യപ്പെടുത്തിയാണ് രചിച്ചിരിക്കുന്നത്. അവനി വാഴ്‌വ് കിനാവാണെന്നു പറഞ്ഞു പോവുന്നുവെങ്കിലും ഇഹലോക ജീവിതത്തെക്കാളുപരിയായ ഒരു ജീവിതം പൂവിനു ലഭിക്കട്ടെയെന്ന ആശംസ കവിയുടെ ശുഭാപ്തി വിശ്വാസത്തെക്കുറിക്കുന്നു.
2
"ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭച്ചിരുന്നിതൊരു രാജ്ഞ്ഞി കണക്കയേ നീ,
ശ്രീഭൂവിലസ്ഥിര-അസംശയം ഇന്ന് നിന്റെ
യാഭൂതിയെങ്ങു, പുനരെങ്ങു കിടപ്പിതോർത്താൽ!"
വർണ്ണനയിൽ മിതത്വം പാലിച്ചും, സജാതീയ കൃതികളോട് വ്യത്യസ്തമായി അലങ്കാര പ്രയോഗങ്ങൾ കുറച്ചുമാണ് വീണപൂവ് രചിക്കപ്പെട്ടിരിക്കുന്നത്. ഉൽപ്രേഷ്യാലങ്കാരം മുന്നിട്ട് നിൽക്കുന്നതായി കാണാം. പുഷ്പത്തിന്റെ ജീവിതത്തെ മനുഷ്യധർമ്മമാരോപിച്ചു വർണിച്ചിരിക്കുകയാണ് കവി ഇവിടെ.
പൂവല്ലിയിൽ പെറ്റുവീണ പുഷ്പത്തിന്റെ ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, പ്രണയം, കാമുകാഗമനം, വിവാഹം എന്നിവ ലാവണ്യവതിയായ ഒരു പെൺകിടാവിന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളോട് കവി ആരോപിച്ചിരിക്കുന്നു.
"ആരോമലാമഴകു, ശുദ്ധി, മൃദുത്വ, മാഭ സാരള്യമെന്ന സുകുമാരഗുണത്തിനെല്ലാം"
ഇമ്മാതിരി എല്ലാ ഗുണങ്ങൾക്കുമധിപയായ ആ പുഷ്പ്പത്തെ എന്തിലും വിരക്തനായ വൈദികനോ, ശത്രുവെ ഭയന്നോടുന്ന ഭീരുവോ പോലും നോക്കി നിന്നുപ്പോവും. എന്നാൽ അനുഭവാർത്ഥികളായ ശലഭകാമുകന്മാരെ തഴഞ്ഞു അതിയോഗ്യനായ ഭ്രമരവര്യനെയാണ് ആ കുസുമകുമാരി തന്റെ വരനായി തെരഞ്ഞെടുത്തത്.
അടുത്തതായി കവി വർണ്ണിക്കുന്നത് ആദ്യ വരികളിൽ തന്നെ സൂചിപ്പിക്കപ്പെടുന്ന പുഷ്പത്തിന്റെ അന്ത്യരംഗമാണ്. പ്രകൃതി തന്നെ ആ കർമ്മവും നിർവഹിക്കുന്നതായി കാട്ടി കവി ആ രംഗം ശോകകല്ലോലിതമാക്കിയിരിക്കുന്നു.
3
കാലാതീതമായി നിൽക്കുന്ന ഏതൊരു കലാ സൃഷ്ടിയും യഥാർത്ഥ ജീവിതത്തോട് നീതി പുലർത്തുന്നതായിരിക്കും. മേഘജ്ജ്യോതിസ്സ് പോലെ ക്ഷണികമായിരുന്ന ആശാന്റെ ജീവിതത്തിൽ കാവ്യകൈരളിയിൽ പിറന്ന വീണപൂവ് ഇതിന്റെ മകുടോദാഹരണമാണ്. ഒരു ഉത്തമ കവിത സംജാതമാകണമെങ്കിൽ അതിൽ വികാരം, വിചാരം, ഭാവന എന്നീ മൂന്ന് ഘടകങ്ങളുണ്ടായിരിക്കണം. ഇവയിലൊന്നിന്റെ നിലയിൽ ഒരൽപ്പം വ്യത്യാസം ഉണ്ടായാൽ പോലും മൂല്യപരിഗണനയിൽ കാവ്യത്തിന്റെ സ്ഥാനം താഴ്ന്നു പോവുന്നു.
വിചാരാംശത്തെ ഒഴിവാക്കി വികാരാംശത്തെ മാത്രം ഉൾക്കൊള്ളിച്ചുള്ള സൃഷ്ടികൾക്ക് വായനക്കാരിലൊരു താൽക്കാലിക രസം മാത്രമേ ഉളവാക്കുവാൻ കഴിയു. അനുവാചകന്റെ ഹൃദയതാളത്തോട് ചേർന്ന് നില കൊള്ളുവാൻ അത്തരം കവിതകൾക്കാവുകയില്ല. വിചാരാംശം മാത്രമുൾക്കൊള്ളുന്നതും, ഭാവനാലോകത്തിനപ്പുറം കടന്നു ചെല്ലാത്തതുമായ കവിതകൾക്കും വായനക്കാരന്റെ ഹൃദയത്തെ ത്രസിപ്പിക്കുവാൻ സാധിക്കുകയില്ല.
കുമാരനാശാന്റെ സുന്ദരങ്ങളും, അർത്ഥവത്തുമായ ചിന്താശകലങ്ങൾക്ക് ഒരു ബഹുമതിയായി കണക്കാക്കുവാൻ സാധിക്കുന്ന ഒരു സംഭവമാണ് ശ്രീ വയലാർ രാമവർമ്മ തന്റെ ഒരു കവിതക്ക് 'നല്ല ഹൈമവത ഭൂവിൽ' എന്ന് നാമകരണം ചെയ്തത്. ആശാന്റെ 'നളിനി' എന്ന കാവ്യത്തിന്റെ ആരംഭം അദ്ദേഹം ചേതോഹരമാക്കിയത് "നല്ല ഹൈമവത ഭൂവിൽ" എന്ന പ്രയോഗത്താലായിരുന്നു.
1. "ശ്രീഭൂവിലസ്ഥിര"
2. "കഠിനതാൻ ഭവിതവ്യതേ! നീ"
3. "ഉത്പന്നമായത് നശിക്കും; അണുക്കൾ നിൽക്കും"
4. "ക്ളേശിപതാത്മപരിപ്പീഡനമജ്ഞയോഗ്യം"
5. "അവനിവാഴ്‌വ് കിനാവ്, കഷ്ടം!"
ഇവയെല്ലാം തന്നെ വീണപൂവിനെ നമ്മുടെ ആത്മാവിനോട് ചേർത്തുനിർത്തിയ ചിന്താശകലങ്ങളാണ്. കാവ്യസന്ദർഭത്തിൽ നിന്നും വേർപ്പെടുത്തിയാൽ ഇവ നീരസങ്ങളായി തോന്നാമെങ്കിലും, കാവ്യത്തോട് നിബന്ധിക്കപ്പെടുമ്പോൾ ഇവ ആശയവത്തും, അർത്ഥഗംഭീരവുമായിത്തീരുന്നു. ചില കവികളെ പോലെ തത്ത്വച്ചിന്ത അനാവശ്യമായി കൃതികളിൽ കുത്തിനിറക്കുക എന്ന കാവ്യദോഷം ആശാനെ തെല്ലും ബാധിച്ചിട്ടില്ല. എഡ്മണ്ട് ഗോസിന്റെയും, വേഡ്സ്വർത്തിന്റെയും കാവ്യ സങ്കൽപ്പങ്ങളോട് തികച്ചും യോജിച്ചു നിൽക്കുന്നതാണ് വീണപൂവിന്റെ രചനാരീതി.
വീണപൂവിൽ അനുഭവവേദ്യമാവുന്ന തത്ത്വച്ചിന്ത ജീവിതാനുഭവങ്ങളുടെ ചൂടേറ്റു വികസ്വരമായ ഭാവസമ്മർദം പൂണ്ടു പുറപ്പെടുന്നതാണ്. വികാരം, വിചാരം, ഭാവന, തത്ത്വച്ചിന്ത എന്നിവ സമുചിതമായി സംയോജിപ്പിച്ചു ആശാൻ സൃഷ്ടിച്ച വീണപൂവ് വായനക്കാരന്റെ ബുദ്ധിയെ ഉന്മിഷത്താക്കി, മണിനാദത്തിന്റെ അനുരണനം പോലെ വായനാശേഷവും സഹൃദയഹൃത്തിൽ മുഴങ്ങുന്നു.
അവലംബം :- കേരളാ സിലബസ് മലയാള പാoവലിയിൽ ഉൾപ്പെടുത്തിയിരുന്ന "വീണപൂവ് - ഒരു പഠനം" എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു ആസ്വാദനം .
Great thoughts good writing 🥰
ReplyDelete👏👏👏😍
ReplyDeleteThank you
DeleteThank you
Delete